താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)
താള് ...
മറവികൾക്കു പോലും ഇഷ്ടമല്ലാത്ത ചില
ഓർമ്മകൾ ... അനേക പ്രയത്നങ്ങൾക്ക് ഒടുവിലും കൊടുംകാടിനു മൂടുവാനാവാത്ത, നെടുങ്കൻ
പാറക്കൂട്ടങ്ങൾക്ക് നടുവിലെ ചില വെള്ളച്ചാട്ടങ്ങൾ; മണ്ണിൻ കടും നീല കരിമ്പടത്തിലെ വെള്ളിത്തൂവൽ
ചാർത്ത് പോലെ, താഴ്വാരങ്ങൾക്കു മീതെ ഈ ചില്ലുകൂട്ടിൽ നിന്നും ദൂരെ വടക്കരികത്ത് നോക്കിയാൽ
; പിൻവലിയാൻ ഒരുക്കമല്ലാത്ത കണ്ണുകൾ ആ നിദാന്ത നിശൂന്യതയ്ക്കുമേൽ കുടി പാർക്കും.
പ്രതീക്ഷ...ഓരോ താളുകൾ മറിയുമ്പോഴും
കനം തൂങ്ങുന്ന ബാധ്യത, നേർത്തു നേർത്ത് ഇല്ലാതാകുന്നതിന് മുൻപ് പ്രകമ്പനം തീർക്കുന്ന
ഓളങ്ങളെപ്പോലെ ചില ഓർമകൾക്ക് കാലാധിക്യം കൊണ്ടും ജീവിച്ചുകാണിക്കാനുള്ള (അതോ കാണിച്ചു
ജീവിക്കാനോ ??) തിരക്കു കൊണ്ടും ഒഴിവു കഴിവുകളുടെ വിരസത കൊണ്ടും മുനകൾക്കു ഉണ്ടാവേണ്ട
തേയ്മാനം മനസ്സ് അനുവദിച്ചു കൊടുക്കാറില്ല. അതിന്റെ മൂർച്ചയും വൈകാരികതയും ഓര്മിക്കപ്പെടുന്തോറും
ഏറി വരും; ഉണ്ടാക്കുന്ന മുറിവ്
എന്നും പുതുതായ് തന്നെ ചോര വാർന്നു കണ്ണുനീർ വീണു നീറി നീറി അങ്ങനെ...
നേരം പുലർന്നാൽ അന്തിവരെ കളിച്ചു
തിമിർത്തു നടക്കുകയും, രാത്രി അമ്മ പാടിത്തരുന്ന
ഭാവനാസമൃദ്ധമായ കഥകൾ കേട്ട് അതിശയിച്ചും കരഞ്ഞും ഉറങ്ങിയ എന്റെ ബാല്യം.
സ്കൂളിൽ മാത്രം തുറക്കപ്പെടുന്ന പുസ്തക സഞ്ചിയും ബുക്കുകളും പഠനം ഒരിക്കലും
ഒന്നിനും തടസ്സമായില്ല, കളി ചിരികളും കാറ്റും മഴയും കാടും പുഴകളും എല്ലാം തൊട്ടറിഞ്ഞ
നാളുകൾ.
ഇപ്പോൾ തുടരെത്തുടരെ ഉള്ള ചുമ അലട്ടുന്നുണ്ടെങ്കിലും അമ്മ കഥകൾ പാടിക്കൊണ്ടേയിരിക്കുന്നു, കാർഷിക ജീവിതവൃത്തിയുടെ ഭാഗമായി ശീലിച്ചു പോയതാണ്. മിത്തുകളുടെ താളവും അനുഭവങ്ങളുടെ മൂർച്ചയും വേദനകളുടെ വിശപ്പു അടക്കുന്ന ഭാവനയും ഇഴചേർന്ന പാട്ടുകഥകൾ. ഓരോ കഥകളും കാതിൽ ഉണർത്തുന്ന പ്രതീതിയും ബാക്കി വെയ്ക്കുന്ന ബിംബകല്പനകളും കാലങ്ങളോളം ചിന്തകളെ പിടിച്ചുലയ്ക്കും. അമ്മ പാടിത്തന്ന വരികളും പ്രതീകങ്ങളും കടമെടുക്കുമ്പോൾ ചിന്തകളും ഓർമകളും അമ്മയുടെ മടിത്തട്ടിലേക്കു ചേക്കേറും , ഉടനെ അമ്മയെ കാണുവാനുള്ള ആഗ്രഹവും കണ്ണിൽ നിറയും അപ്പോൾ സ്റ്റേജിൽ ആണോ അതോ ക്ലാസ്സിൽ ആണോ രോഗികളുമായി സംസാരിക്കുകയാണോ എന്ന തിരിച്ചറിവ് ബ്രെയിൻ മറക്കും.അല്ലെങ്കിലും കുട്ടികളുടെ മനസ്സിൽ അമ്മയ്ക്ക് എന്നും ഇൻസ്റ്റന്റ് ഫ്രീ പാസ് ആണല്ലോ...
ഓണാഘോഷ പരിപാടികൾക് ആശംസകൾ അർപ്പിക്കുന്നതിനിടെ ഓണത്തെക്കുറിച്ചു അമ്മ പറഞ്ഞ കഥയുടെ ഏടുകൾ അറിയാതെ തുറന്നു പോയതാണ്; വാക്കുകൾ ഇടറിപ്പോയി, മറവിയുടെ കൂടുപൊളിച്ചു ഓർമയുടെ മഴച്ചാറ്റൽ ....( രാവിലെ തന്നെ ഒന്ന് മിനുങ്ങിയ ലക്ഷണമുണ്ടല്ലോ എന്ന് എല്ലാവരും അടക്കം പറഞ്ഞു). എന്റെ സ്വാനുഭവ കഥ ആണെന്ന് ധരിച്ചവരും അനേകം.
അനന്തതയും അപാരതയും ഒത്തു ചേരുന്നയിടം, തെളി നീല വാനത്തെ വിരിച്ചു കാറ്റ് വരച്ചു ചേർക്കുന്ന മേഘപടങ്ങൾ,സൂര്യ പ്രഭ അരിച്ചുണ്ടാക്കുന്ന വർണങ്ങളുടെ മായികലോകം; പ്രാപഞ്ചിക നിശൂന്യതയിൽ വാക്കുകൾക്ക് ആൾ രൂപം പകരുന്നു , നിഴലുകൾ ഭ്രമാത്മകമായ ബിംബങ്ങളെ പ്രസവിച്ച്, ചിന്തകളെ ഓലമേഞ്ഞ കുടിലിന്റെ ഉമ്മറത്ത് കീറത്തുണിത്തൊട്ടിലാട്ടുന്നു ... ഒട്ടിയ വയറുള്ള പൈതലിൻ മാതാവ് .....നിറവയറുമായി....
പട്ടിണി എന്ന വാക്ക് ഇന്ന് ഏറെക്കുറെ അലങ്കരിക്കപ്പെടുന്നുവെങ്കിലും അന്ന് പരിപൂർണ നഗ്നമായിരുന്നു.ദാരിദ്ര്യത്തോടൊപ്പം രോഗങ്ങളും ദുരിതങ്ങളും മനുഷ്യ-മൃഗ-സസ്യ-ജലാദികളെ വിവർണമാക്കിയ കാലം.വിത്തിലുറങ്ങിയ വീര്യത്തെ മണ്ണിൽ ഉണർത്താനാവാത്ത, അനുവദിക്കാത്ത വിത്തിനു വേണ്ടി വെറി പൂണ്ട സത്പ്രഭുക്കളുടെ ദുഷ്ഫലങ്ങൾ ഭുജിച്ചു ജീവിതം മറന്നുപോയ്, നാളുകൾക്കു മുൻപേ പ്രാണൻ പിരിഞ്ഞെന്നു ധ്വനിപ്പിക്കുന്ന ദേഹങ്ങളുള്ള ജനത.
കണ്ണ് ഇറുക്കി ഒന്നടച്ചു തുറക്കും മുൻപേ പടർന്നിറങ്ങുന്ന നനവിനിടയിലൂടെ നിങ്ങള്ക്ക് അവനെ കാണാനാവും ഉന്തിയ വയറും തെളിഞ്ഞു കാണുന്ന നെഞ്ചിലെ എല്ലിന്കൂടിനു മീതെ പൊള്ളിയടർന്ന വ്രണങ്ങൾ, ഇത്ര കുഞ്ഞിലേ കാഴ്ച വെറുത്ത കണ്ണുകൾ ഉള്ളിലേക്കാണ്ട് സുഷുപ്തിയിലെന്ന പോലെ; ചെമ്പിച്ചലഞ്ഞ മുടിയിലും അരയ്ക്കു ചുറ്റിയ കീറ തോർത്തുമുണ്ടിലും സ്ഥലകാലദർശനം സാധ്യമാണ്.അഴുക്കു പുരണ്ട പുറം കൈ കൊണ്ട് ഇടയ്ക്കിടെ മൂക്ക് തുടച്ചു, മുറ്റത്തിനരികിലെ വരണ്ടുണങ്ങിയ പുൽച്ചെടി പൊന്തകൾക്കിടയിൽ അവൻ എന്തോ .തിരയുകയാണ്. പുൽച്ചാടികളെ വെള്ളക്കൊക്കുകൾ കഴുത്തു നീട്ടി കൊത്തിത്തിന്നുന്നതു അവൻ കണ്ടിട്ടുണ്ട്, വിശപ്പു പാരമ്യത്തിലാണ്, പ്രാണൻ പിടഞ്ഞു പിടഞ്ഞു പറന്നു പോകാൻ തിരക്ക് കൂട്ടുന്നു.വളരെയേറെ ശ്രമങ്ങൾക്ക് ശേഷം കയ്യിൽ കിട്ടിയ പച്ച പുൽച്ചാടിയെ അവൻ ആർത്തിയോടെ ചവച്ചരച്ചു തിന്നു .ഏറെ വിശപ്പിനു ഒരിക്കലും അരുചി ഇല്ല. കാട്ടു കിഴങ്ങുകളും വള്ളികളുടെ തളിർ നാമ്പുകളും എന്നേ തീർന്നിരിക്കുന്നു. പുതിയൊരു പുൽച്ചാടിയെ അപ്പോൾ അവൻ സന്തോഷത്തോടെ കുടിലിലേക്കോടി, തൊട്ടിലിലുറങ്ങുന്ന അവന്റെ കുഞ്ഞനുജത്തിക്ക് വിശക്കുന്നുണ്ടാവുമോ? . അവിടെ 'അമ്മ കുഞ്ഞിനെ ഉറക്കി, വെറും നിലത്തു ചരിഞ്ഞു കിടന്നുറങ്ങുന്നു.പുൽച്ചാടിയെ കയ്യിലൊളിപ്പിച്ചു അവൻ അമ്മയോട് ചേർന്ന് കിടന്നു.കണ്ണുതുറന്നു അമ്മ അവനെ ഉറക്കാനായി പുറം തലോടിക്കൊണ്ട് ചെറുപാട്ടുകഥകൾ പാടി.ഉറക്കം വിശപ്പു മാറ്റാനുള്ള ഒരു താൽക്കാലിക മരുന്ന് ആണെന്ന് അവനും അറിയാം.
സ്ഥിരം പാട്ടുകൾക്കിടയിൽ ഒരു കുഞ്ഞു കഥ കേട്ട് കൂമ്പിത്തുടങ്ങിയ അവന്റെ കണ്ണുകൾ തിളങ്ങി. ഓണം ഉണ്ണാൻ കൊതിച്ച വിരലുകളുടെ കഥ. അമ്മ മെല്ലിച്ച കൈ നിവർത്തി ചെറു വിരൽ മെല്ലെ അനക്കിക്കൊണ്ടു പറഞ്ഞു:
ചെറു വിരൽ :"ഓണം ഉണ്ണണം ..ഓണം ഉണ്ണണം."
മോതിര വിരൽ : എന്ത് കൊണ്ട് ...എന്തുകൊണ്ട് (ഓണത്തിനുള്ള വക എന്ത് ?)
നടുവിരൽ: "കട്ടിട്ടും കടം കൊണ്ടിട്ടും "
ചൂണ്ടു വിരൽ: ആര് വീട്ടും ... ആര് വീട്ടും(കടം)
തള്ള വിരൽ : ഞാൻ വീട്ടും ... ഞാൻ വീട്ടും...
കാണം വിറ്റും ഓണം ഉണ്ണണം എന്ന് ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ, കാണപ്പണം(സ്ഥലം കൃഷിക്ക് പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്നത്)(ചില സമുദായങ്ങളിൽ കന്യകയെ വിവാഹം നടത്തി അയയ്ക്കുമ്പോൾ വരൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കൊടുക്കുന്ന പോറ്റു കൂലിക്കും കാണപ്പണം എന്ന് പറയാറുണ്ട് ) ഇല്ലാത്തവർ എന്ത് ചെയ്യണം എന്ന് പറയുന്നില്ല. (പഴംചൊല്ലിനുപോലും ജന്മിയെ മതി.) അടിയാൻ കട്ടും കടം വാങ്ങിയും ഓണം കൂടിയാലും ജോലി ചെയ്തു കടം തീർക്കുമെന്ന നിശ്ചയദാര്ഢ്യവും ആത്മാഭിമാനബോധവും ആ കഥയിലുണ്ട്.
കഥയിൽ ഓണത്തെക്കുറിച്ചു കേട്ടപ്പോൾ അവന്റെ ഉള്ളം പ്രതീക്ഷ കൊണ്ട് നിറഞ്ഞു. ഓണത്തിന് അമ്മ എവിടുന്നെങ്കിലും ഒരുപിടി ചോറ് തരാതിരിക്കില്ല.ചെളിയും മൂക്കളയും ഉണങ്ങിപ്പിടിച്ച കവിളിൽ ഒരു ചെറിയ പുഞ്ചിരിയുടെ ഓളങ്ങൾ. അവൻ കുറച്ചു കൂടി അമ്മയോട് പറ്റിചേർന്ന് വിറയലോടെ ചോദിച്ചു :"എന്നാ അമ്മേ ഓണം വരുന്നത്?" അവന്റെ ചോദ്യത്തിര ഒരു ദീർഘ നിശ്വാസമായി അമ്മയിലൂടെ വാക്കുകൾക്കൊപ്പം പുറത്തേയ്ക്ക് " അന്നല്ലേ നമ്മള് താള് കറി(ചേമ്പിന്റെ ഇല ത ണ്ട്) കൂട്ടി കഴിച്ചത്" അവനെ ചേർത്ത് പുറം തലോടിക്കൊണ്ട് അമ്മ പറഞ്ഞു. " ഇനി അടുത്ത ഓണത്തിന് ....."
ഒരു വിറയൽ അവന്റെ കുഞ്ഞു ദേഹത്തെ കുടഞ്ഞുണർത്തി , കണ്ണിലെ തിളക്കം പിൻവാങ്ങി ....കൈ വിരലുകൾ മുറുകി ..നിവർന്നു.. നിശ്ചലമായി ....കഥയറിയാതെ കൈക്കുള്ളിലിരുന്ന പുൽച്ചാടി ചുറ്റും നോക്കി.
ഡോ. ബാബു ഈഡൻ

അഭിപ്രായങ്ങള്‍