സോപ്പ്

മിന്നാമിന്നികളുടെയും എൻ്റെയും നാട്ടിലേക്ക് വീണ്ടും...
ഇരുണ്ട ആകാശത്ത് മേഘങ്ങൾ ഓടിക്കളിക്കുമ്പോൾ ഇക്കിളി കൂടുന്ന മനസ്സ്. കാട്ടുപോത്തിനെ പിടിക്കാൻ കുതിരപ്പുറത്ത് പാഞ്ഞു ചെന്നപ്പോൾ, ഒറ്റ കണ്ണുള്ള ദിനോസർ വിഴുങ്ങി ; കുറെ മുതലകളെയും നീണ്ട വാലുള്ള ഒരു തിരണ്ടി മീനിനെയും പ്രസവിച്ചു.
" മണ്ണു നനയ്ക്കാൻ പെയ്ത മഴ  കണ്ണ് നനച്ചല്ലോ?!"
നാളുകൾക്കിപ്പുറം അമ്മയുടെ ദീർഘ നിശ്വാസം വാക്കുകളായി.
തിരക്കുകൾ (അതോ തിടുക്കങ്ങളോ?) മാറ്റി വെച്ച് പിറന്ന മണ്ണിൻ്റെ മടിയിൽ മഹേന്ദ്രൻ  മാനം നോക്കി കിടന്നു. നനഞ്ഞ മുടി ത്തുമ്പിൽ നിന്നും ഊർന്നു വീണ നീർകണങ്ങൾക്ക് ചുറ്റും കൂനനുറുമ്പുകൾ എന്ത് ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിന്നു. തറ സിമൻ്റ് തേക്കുന്നതിന് മുൻപ് അവിടെ ഉറുമ്പിൻ്റെ മാളം ഉണ്ടായിരുന്നു. കാട്ടു പുൽതണ്ട് കൊറിച്ച് ചാടി നടന്ന എത്ര പച്ചക്കുതിരകളെ യാണ് ഉറുമ്പിന് പിടിച്ച് കൊടുത്തത്, അന്നത്തെ കൗതുകം ഒരു കൊടും ക്രൂരത ആയിരുന്നു എന്ന് ഇപ്പോളും ഓർമപ്പെടുത്തുന്നു ഉറുമ്പുകൾ.(ഈ കൂനൻ ഉറുമ്പനൊന്നും പരിണാമം ഇല്ലേ സാർ???...കൊറോണ genetics article ൻറ hangover***##)
പിച്ച വെച്ചും കുതിച്ചു ചാടിയും അലിഞ്ഞു ചേർന്ന മണ്ണിൽ പ്രദക്ഷിണം ചെയ്ത് വന്നപ്പോൾ തളർച്ച ഒരു സ്വാഭാവിക ആസ്വാദനത്തിന് വഴിമാറി, 
"ഞാൻ ... ഞാൻ പച്ച ജീവനോടെ ഉള്ളിലെവിടയോ എന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു, I miss myself in ourselves"
തളർച്ച ഏറെ ഇല്ലാതെ അമ്മ ചുട്ടെടുത്ത ഇലയടയും കട്ടൻ കാപ്പിയുമായി വന്നു.
തറ നിരപ്പിൽ നിന്നും ഉയർത്തി കെട്ടിയ വരാന്തയിൽ ചാണകം മെഴുകിയ നിലത്തിരുന്ന് ചൂട് കാപ്പി കുടിക്കവെ , കുഞ്ഞു കാൽത്തള കിലുക്കി, ചെളി വെള്ളം തെറിപ്പിച്ച്, മഴ നനഞ്ഞ് ഒരുപാട് ഓർമകൾ നീർകുമിളകളായി പൊട്ടിപ്പിടഞ്ഞു. മുറ്റത്തു ചിക്കിയ സോപ്പ് കായ നോക്കി അവൻ  ചോദിച്ചു,
" നമ്മുടെ സോപ്പ് കായ മരമൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ അമ്മെ?!"
പഴുത്ത് മഞ്ഞ നിറമുള്ള സോപ്പ് കായകൾ, ഉണങ്ങിയവ തിവിട്ട് കലർന്ന കറുപ്പ് നിറമാകുന്നു.മുറ്റത്തിൻ്റെ ഒരു ഭാഗം നിറയെ ഉണ്ട്, ചുറ്റും നീണ്ട മരപ്പലക വച്ച് വേലി തിരിച്ചിരിക്കുന്നു. പടിഞ്ഞാറെ ചരുവിൽ നരിയിരുന്ന പ്ലാവിൻ്റെ അടുത്താണ് സോപ്പ് കായ മരം ഉള്ളത്. പൂവിടുമ്പോൾ മരത്തെ പൊതിഞ്ഞു പൂമ്പാറ്റകൾ ഉണ്ടാവും, ഒരു കല്യാണ പെണ്ണിനെ പോലെ ഋതു മരത്തെ ഒരുക്കിയെടുക്കും.പച്ച കായകൾ പഴുത്താൽ നിലത്ത് നിറയെ വീണുകിടക്കുന്നുണ്ടാവും, അവിടവിടെ ആയി ചോര തുള്ളികൾ പോലെ തെറിച്ചു കിടക്കും; സോപ്പ് ചാർ നക്കി കുടിക്കാൻ ചുവന്ന നിറമുള്ള ചാഴി വണ്ടുകൾ പൊതിഞ്ഞ്. നല്ല പതയാണ്, പ്രത്യേക മണവും, ( sapindus from sapindaceae family commonly known as soapberry- anti microbial and insecticide, dyeing agent for silk and cotton) സൂക്ഷിച്ചില്ലെങ്കിൽ പൊള്ളും.
" തടി വിറ്റാൽ കാശ് അധികം കിട്ടാത്തത് കൊണ്ട് അതിനു മരണഭയം തീരെ ഇല്ല, ഇപ്പൊ കുറേകൂടി പന്തലിച്ചു, 
മാവിൻ ചില്ല കുലുക്കിയപ്പോൾ ഇളകി ആർത്ത് വന്ന കടന്നൽ കൂട്ടത്തിൻ്റെ തെരുതെരെയുള്ള കുത്ത് സഹിക്കാതെ , നീ ഓടിപ്പോയി വീണു കിടന്നത് ആ മരത്തിൻ്റെ ചോട്ടിൽ ആയിരുന്നില്ലേ?"
അമ്മ പറഞ്ഞു നിർത്തിയപ്പോൾ തലയിലും വലതു തോളിലും ഒരു മിന്നൽ പാഞ്ഞു, വേദന ആണോ മധുരമാണോ എന്ന് വേർതിരിക്കാൻ മടിക്കുന്ന ഒരോർമ്മ.
" മിന്നാമിന്നികളൊക്കെ വരാറായോ അമ്മെ?"
"ഇടവപ്പാതിക്ക് മുൻപ് നിറയും"
നഗര മധ്യത്തിലെ അലങ്കാര ദീപങ്ങൾ പോലെ, പ്രകൃതിയുടെ മായാജാലം, മരങ്ങളിലും തൊടിയിലും മലമുകളിലും താഴ്‌വാരത്തും നിറയെ, മിന്നാമിന്നികൾ, അവയിങ്ങനെ ഇടവിട്ടിടവിട്ടും ഒരുമിച്ചും മിന്നി തിളങ്ങി ഭ്രമിപ്പിക്കുന്നപ്രകാശ ധാര തീർക്കുമ്പോൾ ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അതെ അത് ഇവിടെ ആണ് എന്ന് വിളിച്ചു കൂവി പോകും. 
അഞ്ചേക്കർ പറമ്പിലെ ഒരില മറിഞ്ഞാൽ അറിയാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. കിഴക്കേ ചരുവിലെ വെള്ളച്ചാട്ടത്തിൻ്റെ ഹുങ്കാരം വീട്ടിൽ ഇരുന്നാൽ കേൾക്കാം, മഴക്കാലത്ത് ഉരുണ്ടു ചാടി ഞെരിഞ്ഞു നുറുങ്ങുന്ന പാറക്കല്ലുകൾ അവയ്ക്കിടയിലൂടെ തെന്നി ക്കയറുന്ന മീനുകൾ, വഴുക്കു പാറ വിടവുകളിൽ ഒളിക്കുന്ന വയറുതുറന്ന് നിറയെ മഞ്ഞ മുട്ടയും കുഞ്ഞുങ്ങളുമായി പെൺ ഞണ്ടുകൾ, മഴവില്ലിൻ്റെ ഒരറ്റം വന്നിറങ്ങുന്ന ചെറിയ കുളത്തിലെ വെള്ളം വെള്ളിലത്താളിൽ കോരി കുടിക്കുന്ന നിർവൃതി. ( ഉപഭോഗ സംസ്കാരം വലിച്ചെറിഞ്ഞ മുഖം മൂടികളും കെട്ടു തോരണങ്ങളും നിറഞ്ഞു സപ്ത നാഡിയും തളർന്നു കാലനു പോലും വേണ്ടാത്ത കലികാല കാളിന്ദി ആയി നാറുന്ന നഗര നദികളിൽ നിന്നും അകന്നു കഴിയുന്ന കുറച്ചു നിമിഷങ്ങൾ)
കൈത കാടുകൾക്കപ്പുറം നെല്ലിയും കല്ലുവാഴയും ഉണ്ടായിരുന്നു. പരിചിതമായ മരങ്ങളും വള്ളികളും അതിരിട്ട ആകാശത്ത് ഇപ്പൊൾ പുതിയ അവകാശികൾ, അങ്ങനെ അല്ല മുറിവേറ്റു വീണ കിനാക്ക്ളിൽ കാലത്തിൻ്റെ തുന്നി ചേർക്കലുകൾ.
" നിന്നെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ?!"
എന്ന ഭാവത്തിൽ കുറേ കാട്ടു പന്നികൾ വരെ പറമ്പിൽ സ്ഥാനമുറപ്പിച്ചു.
"ഇവററകൾ ഒന്നും കുളിക്കത്തുമില്ലെ അമ്മെ?!"
"തമിഴ് നാട്ടിലെ വഴി അരികിൽ അല്ലാതെ ഇത്ര അധികം കറുത്ത പന്നികളെ ഞാൻ കണ്ടിട്ടില്ല!"
വാഴ കൂമ്പിലെ തേൻ അടർത്തുന്നതിനിടയിൽ അവൻ അമ്മയോട് ചോദിച്ചു.
" കാട്ടുപന്നിയേ കൊല്ലാൻ ഇപ്പോ വീട് വെയ്ക്കാൻ അനുവാദം വാങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്!" അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
" പിന്നെ പന്നി ഗർഭിണിയാണ് , മുലയൂട്ടുന്നതാണ് എന്ന് ബോർഡും വച്ചല്ലെ നടക്കുന്നത്?!" അമ്മ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പന്നി കുത്തി ഇളക്കിയിട്ട വേരുറച്ചിട്ടില്ലാത്ത കപ്പ തൈ ഉയർത്തി വീണ്ടും മണ്ണു കൂട്ടി വച്ചു. 
" രണ്ടാൾടെയും പരീക്ഷ ഒക്കെ കഴിഞ്ഞോ മോനെ ? സിവിൽ വേണോ ഡോക്ടർ ആവണോ എന്ന് ഉറപ്പിച്ചോ??"
"സ്വന്തമായി മുടി കെട്ടാൻ അറിയില്ല , പിന്നെ ആണ് നാട് നന്നാക്കുന്നതിന്" 
മഹേന്ദ്രൻ  അമ്മയുടെ കണ്ണുകളിലേക്ക് നോക്കി, 
" കൈ നനയുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ചോറ് വാരിത്തിന്നാത്ത കക്ഷി ആണ്"
( "പൂവിതളുകൾ കൊഴിയും വരെ വേരിനെ കാണിക്കാതെ മറച്ചു പിടിക്കാൻ ഇലകൾ ഉള്ള ചെടികൾ എല്ലാം  ശ്രമിക്കും"  അമ്മ അങ്ങനെ പറയുന്നത് കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട്)
"പോകാം അമ്മെ; എനിക്കൊന്നു കുളിക്കണം".
ഒഴിഞ്ഞ തൊഴുത്തും കായ്ച്ചു നിൽക്കുന്ന മഞ്ചാടിയും ഒട്ടേറെ വളർന്നു പൊന്തിയ മുറ്റത്തെ തെങ്ങും ഉണങ്ങിപ്പോയ ചാമ്പയും പറയാനുള്ളത് ഒക്കെ കാറ്റിൽ ഒഴുക്കി എങ്കിലും എവിടെയോ കത്തിച്ച വെയിലിൽ എല്ലാം വരണ്ടു പോയി.
വലിയ കരിമ്പന മുറിച്ചു മാറ്റിയപ്പോൾ അതിൻ്റെ കടയ്ക്കൽ വെള്ളം നിറഞ്ഞു ഉണ്ടായ കുളത്തിൽ എന്ത് മാത്രം വാൽമാക്രികളാണ്  തവളകൾ ആയത്, സോപ്പ് പത കൈ കുമ്പിളിൽ ആക്കി കുമിള ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ട് മഹേന്ദ്രൻ ഓർത്തു. 
.... പട്ടണത്തിൻ്റെ നടുവിൽ ജനിച്ചു വളർന്ന ഭാര്യയും  കുട്ടികളും, ആരുടെ ഒക്കെയോ മുൻപിൽ എത്താൻ ഉള്ള ഓട്ടത്തിന് ഇടയിൽ, ചുറ്റും വീടുകളും മതിലുകളും നിറഞ്ഞപ്പോൾ കുന്തിച്ച് ചാടാൻ തിക്കു മുട്ടി നിൽക്കുന്ന ഫ്ലാറ്റ് , അരക്ഷിതാവസ്ഥയും അരോചകത്വവും എന്തെന്ന് അറിയാത്ത സോഷ്യൽ മീഡിയ യും.....
ഇപ്പൊൾ മരവിച്ചു പോയെങ്കിലും ആദ്യമാദ്യം മഹേന്ദ്രന്   കൗതുകമായിരുന്നു, 
ചക്ക ചുള ആയിട്ട് വിൽകുന്നവർ, കറി വേപ്പില കാശ് കൊടുത്ത് വാങ്ങുന്നവർ, കുഴച്ച് പാക് ചെയ്ത ഇഡലി/ ദോശ/ അപ്പം മാവ്.....
എല്ലാം ഒരു റെഡി ററു യുസ് ഉത്പന്നമായി അവർക്ക് കിട്ടുന്നു അല്ലെങ്കിൽ അങ്ങനെ കിട്ടണം.
അത് എങ്ങനെ കിട്ടുന്നു, എവിടെ നിന്ന് വരുന്നു, ആര് ഉണ്ടാക്കുന്നു എന്നൊന്നും ആർക്കും അറിയില്ല, അറിയണ്ട!! ഉത്പന്നമല്ലാതെ
ഉറവിടത്തെ കാണേണ്ട, കേൾക്കേണ്ട.
സ്വന്ത ബന്ധങ്ങൾ ഒക്കെ, hi....bye...
പതഞ്ഞു തീർന്ന സോപ്പും മഹേന്ദ്രനും  കുളിമുറി വിട്ടിറങ്ങി.ഓർമ ഇല്ലാത്തവരുടെ നാട്ടിൽ നഷ്ടപെട്ട മറവിയായി.
26/05/2021
3.14am
Dr Babu eaden

  


  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ